Tuesday, 10 August 2021

കേരളത്തിലെ കൊച്ച് തമിഴ്നാട്

ഓരോ യാത്രകളും കാഴ്ചാനുഭവങ്ങളും അറിവുകളും പകർന്നുതരുന്നു. എനിക്കൊപ്പം അരുൺ, സൂരജ് എന്നീ സുഹൃത്തുക്കളും കൂടിയാണ് ഈ യാത്ര ആരംഭിച്ചത്. എല്ലാ യാത്രകളും പോലെ വലിയ പ്ലാനുകൾ ഒന്നുമില്ലാതെ ആണ് യാത്ര തുടങ്ങിയത്. കേരളത്തിൻറെ കൊച്ചു തമിഴ്നാട് എന്നറിയപ്പെടുന്ന വട്ടവടയിലേക്കാണ് ഞങ്ങളുടെ യാത്ര. ഞാൻ വട്ടവടയിൽ മൂന്നു വർഷങ്ങൾക്ക് മുമ്പ് പോയിരുന്നു. അന്ന് അവിടെ വിളവെടുപ്പു കഴിഞ്ഞ ടൈം ആയിരുന്നു. അന്ന് മലകളിൽ തട്ടു തിരിച്ചിട്ടുള്ള കൃഷിയിടങ്ങളിൽ വിളയുന്നത് എന്താണെന്നോ ഒന്നും അറിയാൻ സാധിച്ചില്ല. ഈ യാത്രയിൽ അവിടുത്തെ കൃഷികൾ കാണുവാൻ കഴിഞ്ഞു. ഓണം സീസണിലാണ് വട്ടവടയിൽ കൂടുതലായി വിളവെടുപ്പ് നടക്കുന്നത്. മഴ യാത്രയിലെ മെയിൻ വില്ലൻ ആയിരുന്നെങ്കിലും യാത്ര കാറിൽ ആയതുകൊണ്ട് വലുതായി ബാധിച്ചില്ല.

വട്ടവടയിലേക്ക് ട്രാവൽ ചെയ്യുന്ന എല്ലാവരും അറിഞ്ഞിരിക്കേണ്ട ഒരു കാര്യം രാവിലെ ആറുമണി മുതൽ വൈകിട്ട് ആറുമണി വരെയേ അവിടെ കയറുവാൻ സാധിക്കുകയുള്ളൂ. അഞ്ചര ആറുമണിക്ക് ചെക്ക്പോസ്റ്റിൽ എത്തുന്നവരിൽ വട്ടവടയിൽ സ്റ്റേ ഉള്ളവരെ മാത്രമേ അവർ കയറ്റി വിടുകയുള്ളൂ. ഈ കൊറോനയുടെ പ്രശ്നങ്ങൾ നിലനിൽക്കുന്നതുകൊണ്ട്  വാക്സിൻ എടുത്തിട്ടുണ്ടോ, ആർ ടി പി സി ആർ ടെസ്റ്റ് എടുത്തിട്ടുണ്ടോ എന്നല്ലാം ചോദിക്കുന്നുണ്ട്. അതിൻറെ പ്രിൻറ് കയ്യിൽ കരുതുന്നത് നല്ലതായിരിക്കും. അവിടെ നമ്മുടെ വണ്ടി നമ്പർ അവർ എഴുതി വയ്ക്കുന്നുണ്ട്. ചെക്ക്പോസ്റ്റ് കഴിഞ്ഞു അഞ്ചാറു കിലോമീറ്റർ കാട്ടിലൂടെയാണ് യാത്ര. യാത്രയിൽ വാഹനങ്ങൾ കാടിനുള്ളിൽ നിർത്തുവാൻ പാടുള്ളതല്ല. പോകുന്ന വഴികളിലെല്ലാം ക്യാമറ സ്ഥാപിച്ചിട്ടുണ്ട്. കാടിനുള്ളിലൂടെ യാത്രയിൽ കാട്ടുപോത്തുകൾ മൈതാനങ്ങളിൽ പുല്ലു മേയുന്നത് കാണാൻ സാധിക്കും. പോകുന്ന ടാറിട്ട റോഡുകൾ അത്രയ്ക്ക് മോശം ഒന്നുമല്ല. യാത്രകൾക്കു പ്രശ്നമൊന്നുമില്ല. എങ്കിലും അവിടെ ടൂറിസം വികസനത്തിനുവേണ്ടി റോഡിന് സൈഡിൽ നിൽക്കുന്ന വലിയ മരങ്ങൾ വെട്ടി മാറ്റുന്നതും വലിയ ലോറികളിൽ തടികൾ കൊണ്ടുപോകുന്നതും കാരണം റോഡിൽ ചെളി കൂടുതലായതിനാൽ, ബൈക്ക് യാത്രികർ അൽപം ബുദ്ധിമുട്ടേണ്ടിവരും.
വട്ടവടയിലേക്ക് യാത്ര ചെയ്യുന്നവർ ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം മൂന്നാറിൽ നിന്നും വട്ടവട വരെയും അവിടുന്ന് തിരിച്ച് മൂന്നാർ വരെയും ഉള്ള പെട്രോൾ വാഹനത്തിൽ അടിച്ചിടുന്നത് നല്ലതാണ്. 

തമിഴ്നാട്ടിൽ നിന്നും കേരളത്തിലേക്ക്  കുടിയേറിയവരാണ് വട്ടവട നിവാസികൾ. ഇവിടുത്തെ ആളുകൾ ഇപ്പോഴും തമിഴ് സംസ്കാരമാണ് പിന്തുടരുന്നത്. തമിഴും മലയാളവും ചേർത്ത് ഭാഷയാണ് ഇവർ ഉപയോഗിക്കുന്നത്. വട്ടവട നിവാസികൾക്ക് താമസസ്ഥലത്തിനടുത്തായി കൃഷിയിടങ്ങളും ഉണ്ട്. കൊടുമുടികളും, പാറകളും, കുന്നുകളും, താഴ്വരകളും ചെറിയ സമതലങ്ങളും നിറഞ്ഞതാണ് വട്ടവടയുടെ ഭൂപ്രകൃതി. ഇവിടുത്തെ പ്രധാന കൃഷികൾ ക്യാരറ്റ്, കാബേജ്, ഉരുളക്കിഴങ്ങ്, ബീന്‍സ്, വെളുത്തുള്ളി തുടങ്ങിയവയാണ്. വട്ടവടയിലെ ഏത് വീടുകളിൽ ചെന്നാലും സ്ട്രോബറി ജാം, സ്ട്രോബറി ജ്യൂസ് , മായം കലരാത്ത ഉൽപ്പന്നങ്ങൾ എല്ലാം അവിടെ വരുന്ന സഞ്ചാരികൾക്ക് വാങ്ങാൻ സാധിക്കുന്നതാണ്. വട്ടവടയിൽ സ്റ്റോബറി കൃഷി ചെയ്യുന്നത് ടൂറിസ്റ്റുകളെയും ആകർഷിക്കുന്നു.

 ടൂറിസ്റ്റുകളെ ആകർഷിക്കാൻ വേണ്ടിയാണ്. വട്ടവട നിവാസികൾ നിഷ്കളങ്കമായ മനസ്സുകൾക്ക് ഉടമകളാണ്. അവിടേക്കുള്ള എൻറെ രണ്ട് യാത്രകളിൽ നിന്നും എനിക്ക് മനസ്സിലായ ഒരു കാര്യമാണത്. പച്ചക്കറികൾ വാങ്ങുവാൻ ഞങ്ങൾ അവിടുത്തെ വീടുകളിൽ ചെല്ലുമ്പോഴേക്കും വീട്ടുകാർ നമുക്ക് ചായ ഇട്ടു തരികയും കഴിക്കാൻ ഫുഡ് തരികയും ചെയ്യും. അവിടുത്തെ ജനങ്ങൾ എല്ലാം ഇതേ സ്വീകരണക്ഷമത പുലർത്തുന്നവരാണ്.


വട്ടവടയിലെ പല വീടുകളും പണിതിരിക്കുന്നത് കമ്പുകൾ അടുക്കി അതിൽ ചെറിയ കട്ടകൾ നിറച്ച് മണ്ണുപൊത്തി , ചാണകം മെഴുകിയാണ്. ഓരോ വീടിനും പല നിറങ്ങളാണ്. പച്ചവിരിച്ച വട്ടവടയിലെ ഈ വീടുകളുടെ കാഴ്ച അതിമനോഹരമാണ്. വട്ടവടയുടെ എല്ലാ സൗന്ദര്യവും ആസ്വദിക്കാൻ പറ്റിയ ഒരിടം തന്നെയായിരുന്നു ഞങ്ങൾ ബുക്ക് ചെയ്തോ മണ്ണുകൊണ്ടുള്ള വീട്. മലയുടെ മുകളിലെ വീട്ടിലിരുന്നാൽ താഴെ പച്ചവിരിച്ച വട്ടവടയുടെ കൃഷിയിടങ്ങൾ, പലനിറങ്ങളിൽ അങ്ങിങ്ങായി ചിതറിക്കിടക്കുന്ന ചെറിയ ചെറിയ വീടുകൾ,തുടങ്ങിയ കാഴ്ചകൾ എല്ലാം തന്നെ കണ്ണിനു കുളിർമ പകരുന്നു. 

ഞങ്ങൾക്ക് താമസം ഒരുക്കിയത് ഗണേഷേട്ടനും ബാലുചേട്ടനും കൂടി ആണ്. ബാലു ചേട്ടൻ വളരെ രുചികരമായ ഭക്ഷണമാണ് ഞങ്ങൾക്കായി പാചകം ചെയ്തുതന്നത്. ഒരു ദിവസമേ ഞങ്ങൾ സ്റ്റേചെയ്തു ഉള്ളൂ എങ്കിലും സ്വന്തം വീട്ടിലെ പോലുള്ള സ്നേഹവും സഹകരണമാണ് അവരിൽ നിന്നും കിട്ടിയത്. വട്ടവടയിൽ കനത്ത മഴ കാരണം ഞങ്ങൾക്ക് മറ്റു കാഴ്ചകളിലേക്ക് പോവാൻ അധികം സാധിച്ചില്ല എങ്കിലും മനസ്സിൽ നിന്നും മായാത്ത കാഴ്ച അനുഭവങ്ങളുമായി ഞങ്ങൾ യാത്ര തുടർന്നു........... 


ദൂരം-മാങ്കാംകുഴി to വട്ടവട- 220Km, 6Hr 15Min  

റൂട്ട് :- മാവേലിക്കര - തിരുവല്ല - പുതുപ്പള്ളി - ഏറ്റുമാനൂർ - പാലാ - തൊടുപുഴ - നേര്യമംഗലം - അടിമാലി - മൂന്നാർ - മാട്ടുപ്പെട്ടി ഡാം - കുണ്ടള ഡാം - ടോപ്പ് സ്റ്റേഷൻ - പാമ്പാടുംഷോല നാഷണൽ പാർക്ക് - കൊവിലൂർ - വട്ടവട.

No comments:

Post a Comment

ബുദ്ധ മൊണാസ്ട്രിയാണ്. 

വീട്ടിൽ വെറുതെ ഇരുന്നപ്പോൾ പെട്ടെന്നു തോന്നിയൊരു ആഗ്രഹമായിരുന്നു. ഒരു ബുദ്ധ മൊണാസ്ട്രിയാണ് കാണണമെന്നത്. ഗൂഗിൾ നോക്കിയപ്പോൾ. കർണാടകയിൽ ബൈലക്ക...